< 1 രാജാക്കന്മാർ 20 >

1 അരാംരാജാവായ ബെൻ-ഹദദ്, തന്റെ സർവസൈന്യത്തെയും ഒരുമിച്ചുകൂട്ടി. അദ്ദേഹത്തോടൊപ്പം മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും അവരുടെ രഥങ്ങളും കുതിരകളുമായി ശമര്യയ്ക്കെതിരേ പാഞ്ഞടുത്ത് അതിനെ ഉപരോധിച്ച് അതിനെതിരേ യുദ്ധംചെയ്തു.
ובן הדד מלך ארם קבץ את כל חילו ושלשים ושנים מלך אתו וסוס ורכב ויעל ויצר על שמרון וילחם בה׃
2 അദ്ദേഹം, പട്ടണത്തിൽ ഇസ്രായേൽരാജാവായ ആഹാബിന്റെ അടുക്കലേക്ക് ഈ സന്ദേശവുമായി തന്റെ ദൂതന്മാരെ അയച്ചു:
וישלח מלאכים אל אחאב מלך ישראל העירה׃
3 “ഇതാ ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്! നിന്റെ അതിസുന്ദരിമാരായ ഭാര്യമാരും മക്കളും എനിക്കുള്ളവർ!’”
ויאמר לו כה אמר בן הדד כספך וזהבך לי הוא ונשיך ובניך הטובים לי הם׃
4 ഇസ്രായേൽരാജാവു മറുപടി പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, അങ്ങു കൽപ്പിച്ചതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങയുടേതാകുന്നു.”
ויען מלך ישראל ויאמר כדברך אדני המלך לך אני וכל אשר לי׃
5 ബെൻ-ഹദദ് തന്റെ ദൂതന്മാരെ വീണ്ടും ആഹാബിന്റെ അടുക്കൽ അയച്ചു പറഞ്ഞതു: “ഇതാ, ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളി, സ്വർണം, നിന്റെ ഭാര്യമാർ, മക്കൾ എന്നിവരെയെല്ലാം എന്നെ ഏൽപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടു ഞാൻ ആളയച്ചിരുന്നല്ലോ!
וישבו המלאכים ויאמרו כה אמר בן הדד לאמר כי שלחתי אליך לאמר כספך וזהבך ונשיך ובניך לי תתן׃
6 എങ്കിലും, നാളെ ഏകദേശം ഈസമയമാകുമ്പോൾ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിക്കാനായി ഞാൻ എന്റെ സേവകരെ അങ്ങോട്ടയയ്ക്കും. അവർ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിച്ച് നീ വിലമതിക്കുന്നതെല്ലാം പിടിച്ചെടുക്കും.’”
כי אם כעת מחר אשלח את עבדי אליך וחפשו את ביתך ואת בתי עבדיך והיה כל מחמד עיניך ישימו בידם ולקחו׃
7 ഇസ്രായേൽരാജാവായ ആഹാബ് രാജ്യത്തെ സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നോക്കൂ! ഈ മനുഷ്യൻ നമ്മെ എങ്ങനെ ഉപദ്രവിക്കുന്നു എന്നു നിങ്ങൾതന്നെ കാണുക! എന്റെ ഭാര്യമാരെയും മക്കളെയും എന്റെ വെള്ളിയും സ്വർണവും ആവശ്യപ്പെട്ടുകൊണ്ട് അയാൾ ആളയച്ചപ്പോൾ ഞാൻ അതു നിരസിച്ചില്ല.”
ויקרא מלך ישראל לכל זקני הארץ ויאמר דעו נא וראו כי רעה זה מבקש כי שלח אלי לנשי ולבני ולכספי ולזהבי ולא מנעתי ממנו׃
8 ഇതു കേട്ടപ്പോൾ, സകലനേതാക്കന്മാരും സകലജനവും ആഹാബിനോടു മറുപടി പറഞ്ഞു: “അയാൾ പറയുന്നതു ശ്രദ്ധിക്കരുത്; അയാളുടെ വ്യവസ്ഥകൾക്കു വഴങ്ങുകയുമരുത്.”
ויאמרו אליו כל הזקנים וכל העם אל תשמע ולוא תאבה׃
9 അതുകൊണ്ട്, ബെൻ-ഹദദിന്റെ ദൂതന്മാർക്ക് ആഹാബ് ഇപ്രകാരം മറുപടികൊടുത്തു: “നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു പറയുക, ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഈ ദാസൻ നിറവേറ്റിക്കൊള്ളാം എന്നാൽ, ഈ അവകാശവാദം എനിക്ക് അംഗീകരിക്കാൻ സാധ്യമല്ല.’” അവർ ആഹാബിന്റെ മറുപടി ബെൻ-ഹദദിനെ അറിയിച്ചു.
ויאמר למלאכי בן הדד אמרו לאדני המלך כל אשר שלחת אל עבדך בראשנה אעשה והדבר הזה לא אוכל לעשות וילכו המלאכים וישבהו דבר׃
10 പിന്നെ, ബെൻ-ഹദദ് മറ്റൊരു സന്ദേശം ആഹാബിനു കൊടുത്തയച്ചു: “എന്റെ അനുയായികൾക്ക് ഓരോ പിടിവീതം വാരാനുള്ള മണ്ണ് ശമര്യയിൽ അവശേഷിക്കുന്നപക്ഷം ഇതും ഇതിലപ്പുറവുമായി ദേവന്മാർ എന്നെ ശിക്ഷിക്കട്ടെ.”
וישלח אליו בן הדד ויאמר כה יעשון לי אלהים וכה יוספו אם ישפק עפר שמרון לשעלים לכל העם אשר ברגלי׃
11 അതിന് ഇസ്രായേൽരാജാവ്: “‘യുദ്ധംചെയ്യാൻ പോകുന്നവൻ അതു കഴിഞ്ഞു വന്നവനെപ്പോലെ വമ്പു പറയരുത്,’ എന്ന് അദ്ദേഹത്തോടു പറയുക” എന്നു മറുപടികൊടുത്തു.
ויען מלך ישראל ויאמר דברו אל יתהלל חגר כמפתח׃
12 ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു.
ויהי כשמע את הדבר הזה והוא שתה הוא והמלכים בסכות ויאמר אל עבדיו שימו וישימו על העיר׃
13 ഇതിനിടയിൽ, ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ച്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യത്തെ നീ കാണുന്നോ! ഇന്നു ഞാൻ അതിനെ നിന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും’ എന്ന് അറിയിച്ചു.”
והנה נביא אחד נגש אל אחאב מלך ישראל ויאמר כה אמר יהוה הראית את כל ההמון הגדול הזה הנני נתנו בידך היום וידעת כי אני יהוה׃
14 “എന്നാൽ, ആര് അതു ചെയ്യും?” എന്ന് ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ സംരക്ഷകർ അതു ചെയ്യും എന്ന് യഹോവ അരുളിച്ചെയ്യുന്നു,” എന്നു പ്രവാചകൻ പറഞ്ഞു. “എന്നാൽ, ആരാണ് യുദ്ധം ആരംഭിക്കേണ്ടത്?” എന്ന് ആഹാബ് ചോദിച്ചു. “താങ്കൾതന്നെ,” എന്നു പ്രവാചകൻ മറുപടി നൽകി.
ויאמר אחאב במי ויאמר כה אמר יהוה בנערי שרי המדינות ויאמר מי יאסר המלחמה ויאמר אתה׃
15 അതുകൊണ്ട്, ദേശാധിപതികളുടെ സംരക്ഷകരെ ആഹാബ് വിളിച്ചുവരുത്തി. അവർ 232 പേരായിരുന്നു. പിന്നെ, അദ്ദേഹം 7,000 പേരടങ്ങുന്ന ഇസ്രായേല്യസൈനികരെയും അണിനിരത്തി.
ויפקד את נערי שרי המדינות ויהיו מאתים שנים ושלשים ואחריהם פקד את כל העם כל בני ישראל שבעת אלפים׃
16 അവർ മധ്യാഹ്നത്തിൽ ആക്രമണം ആരംഭിച്ചു. അപ്പോൾ, ബെൻ-ഹദദും അദ്ദേഹത്തോടൊപ്പമുള്ള മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും മദ്യപിച്ചു മദോന്മത്തരായി അവരുടെ കൂടാരങ്ങളിലായിരുന്നു.
ויצאו בצהרים ובן הדד שתה שכור בסכות הוא והמלכים שלשים ושנים מלך עזר אתו׃
17 ദേശാധിപതികളുടെ പോരാളികളാണ് ആദ്യം യുദ്ധത്തിനായി പുറപ്പെട്ടത്. ബെൻ-ഹദദ് നിയോഗിച്ചിരുന്ന രംഗനിരീക്ഷകർ അദ്ദേഹത്തോട്: “ശമര്യയിൽനിന്ന് സൈനികനീക്കമുണ്ട്” എന്ന് അറിവുകൊടുത്തു.
ויצאו נערי שרי המדינות בראשנה וישלח בן הדד ויגידו לו לאמר אנשים יצאו משמרון׃
18 “അവർ സമാധാനത്തിനാണു വരുന്നതെങ്കിൽ അവരെ ജീവനോടെ പിടികൂടുക; അതല്ല, അവർ യുദ്ധത്തിനായിട്ടാണു വരുന്നതെങ്കിലും അവരെ ജീവനോടെ പിടികൂടുക,” എന്ന് ബെൻ-ഹദദ് ആജ്ഞാപിച്ചു.
ויאמר אם לשלום יצאו תפשום חיים ואם למלחמה יצאו חיים תפשום׃
19 ദേശാധിപതികളുടെ സംരക്ഷകർ ഇസ്രായേൽസൈന്യത്തെ പിന്നണിയിലാക്കിക്കൊണ്ട് നഗരത്തിൽനിന്ന് മുന്നോട്ടു കുതിച്ചു പാഞ്ഞു.
ואלה יצאו מן העיר נערי שרי המדינות והחיל אשר אחריהם׃
20 അവരിൽ ഓരോരുത്തനും തന്റെ എതിരാളിയെ വെട്ടിവീഴ്ത്തി. അപ്പോൾ അരാമ്യർ പലായനംചെയ്തുതുടങ്ങി. ഇസ്രായേല്യർ അവരെ പിൻതുടർന്നു. എന്നാൽ, അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തുകയറി തന്റെ കുതിരച്ചേവകരോടൊപ്പം രക്ഷപ്പെട്ടു.
ויכו איש אישו וינסו ארם וירדפם ישראל וימלט בן הדד מלך ארם על סוס ופרשים׃
21 ഇസ്രായേൽരാജാവു പിൻതുടർന്നു കുതിരകളെയും രഥങ്ങളെയും കൈവശപ്പെടുത്തുകയും അരാമ്യസൈന്യത്തിനു കനത്തപ്രഹരം ഏൽപ്പിക്കുകയും ചെയ്തു.
ויצא מלך ישראל ויך את הסוס ואת הרכב והכה בארם מכה גדולה׃
22 അതിനുശേഷം, ആ പ്രവാചകൻ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്ന്: “അങ്ങയുടെ സൈനികശക്തി വർധിപ്പിക്കുക; എന്താണു ചെയ്യേണ്ടതെന്നു കരുതിക്കൊള്ളുക. കാരണം, അടുത്തവർഷം വസന്തകാലത്ത് അരാംരാജാവു വീണ്ടും അങ്ങയെ ആക്രമിക്കും” എന്നു പറഞ്ഞു.
ויגש הנביא אל מלך ישראל ויאמר לו לך התחזק ודע וראה את אשר תעשה כי לתשובת השנה מלך ארם עלה עליך׃
23 അരാംരാജാവായ ബെൻ-ഹദദ്ദിനോട് അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉപദേശിച്ചത്: “ഇസ്രായേലിന്റെ ദൈവം പർവതദേവനാണ്; അതുകൊണ്ടാണ് അവർ നമ്മെക്കാൾ ശക്തരായത്. എന്നാൽ, നാം അവരുമായി സമഭൂമിയിൽവെച്ചു പൊരുതിയാൽ, തീർച്ചയായും നാം അവരുടെമേൽ വിജയംനേടും.
ועבדי מלך ארם אמרו אליו אלהי הרים אלהיהם על כן חזקו ממנו ואולם נלחם אתם במישור אם לא נחזק מהם׃
24 അതിനാൽ, ഇതു ചെയ്താലും. ആ രാജാക്കന്മാരെയെല്ലാം സൈന്യാധിപസ്ഥാനത്തുനിന്നു നീക്കംചെയ്താലും; തൽസ്ഥാനത്ത് സൈന്യത്തിലെ ഇതര ഉദ്യോഗസ്ഥരെ നിയമിച്ചാലും.
ואת הדבר הזה עשה הסר המלכים איש ממקמו ושים פחות תחתיהם׃
25 അങ്ങേക്കു നഷ്ടപ്പെട്ടതുപോലെയുള്ള ഒരു വിപുലമായ സൈന്യത്തെ സംഘടിപ്പിക്കുക— കുതിരയ്ക്കു കുതിരയും രഥത്തിനു രഥവും കരുതുക—അങ്ങനെ, സമഭൂമിയിൽവെച്ച് ഇസ്രായേലിനോടു യുദ്ധംചെയ്യുക; അപ്പോൾ, തീർച്ചയായും നാം അവരെ ജയിക്കുന്നതായിരിക്കും.” അരാംരാജാവ് അവരുടെ ആലോചനയോടു യോജിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
ואתה תמנה לך חיל כחיל הנפל מאותך וסוס כסוס ורכב כרכב ונלחמה אותם במישור אם לא נחזק מהם וישמע לקלם ויעש כן׃
26 അടുത്തവർഷം, വസന്തകാലത്തു ബെൻ-ഹദദ് അരാമ്യസൈന്യത്തെ സമാഹരിച്ച് ഇസ്രായേലിനോടു യുദ്ധത്തിനായി അഫേക്കിലേക്കു സൈന്യവുമായിച്ചെന്നു.
ויהי לתשובת השנה ויפקד בן הדד את ארם ויעל אפקה למלחמה עם ישראל׃
27 ഇസ്രായേല്യരും സൈന്യത്തെ ഒരുമിച്ചുകൂട്ടി ഭക്ഷണവും ശേഖരിച്ച് യുദ്ധത്തിനായി മുമ്പോട്ടുനീങ്ങി. ഇസ്രായേല്യസൈന്യം അരാമ്യസൈന്യത്തിന്റെ മുമ്പിൽ രണ്ടു ചെറിയ ആട്ടിൻപറ്റംപോലെ കാണപ്പെട്ടു. അരാമ്യസൈന്യമോ, ആ പ്രദേശമാകെ വ്യാപിച്ചിരുന്നു.
ובני ישראל התפקדו וכלכלו וילכו לקראתם ויחנו בני ישראל נגדם כשני חשפי עזים וארם מלאו את הארץ׃
28 അപ്പോൾ, ഒരു ദൈവപുരുഷൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ചു യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു: “‘യഹോവ വെറുമൊരു പർവതദേവൻമാത്രമാണെന്നും താഴ്വരകളിലെ ദൈവമല്ലെന്നും അരാമ്യർ കരുതുന്നു,’ അതിനാൽ ഈ മഹാസൈന്യത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും. അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നീയും നിന്റെ സകലജനവും അറിയും.”
ויגש איש האלהים ויאמר אל מלך ישראל ויאמר כה אמר יהוה יען אשר אמרו ארם אלהי הרים יהוה ולא אלהי עמקים הוא ונתתי את כל ההמון הגדול הזה בידך וידעתם כי אני יהוה׃
29 രണ്ടു സൈന്യങ്ങളും ഏഴുദിവസത്തോളം അഭിമുഖമായി താവളമടിച്ചു കിടന്നു. ഏഴാംദിവസം ഇരുസൈന്യങ്ങളുംതമ്മിൽ ഏറ്റുമുട്ടി. ഒരു ദിവസംകൊണ്ട് ഇസ്രായേല്യർ അരാമ്യരുടെ കാലാൾപ്പടയിൽ ഒരു ലക്ഷംപേരെ വധിച്ചു.
ויחנו אלה נכח אלה שבעת ימים ויהי ביום השביעי ותקרב המלחמה ויכו בני ישראל את ארם מאה אלף רגלי ביום אחד׃
30 ശേഷിച്ചവർ അഫേക്ക് നഗരത്തിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയി. എന്നാൽ, പട്ടണമതിൽ അവരുടെമേൽ തകർന്നുവീണ് ഇരുപത്തേഴായിരംപേർ മരിച്ചു. ബെൻ-ഹദദും പട്ടണത്തിലേക്കു പലായനംചെയ്ത് ഒരു ഉള്ളറയിൽ ഒളിച്ചു.
וינסו הנותרים אפקה אל העיר ותפל החומה על עשרים ושבעה אלף איש הנותרים ובן הדד נס ויבא אל העיר חדר בחדר׃
31 ബെൻ-ഹദദിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിലെ രാജാക്കന്മാർ കരുണയുള്ളവരാണെന്നു ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അരയിൽ ചാക്കുശീല ഉടുത്തും തലയിൽ കയറുചുറ്റിയും ഇസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ! ഒരുപക്ഷേ, അദ്ദേഹം അങ്ങയുടെ ജീവൻ രക്ഷിക്കുമായിരിക്കും.”
ויאמרו אליו עבדיו הנה נא שמענו כי מלכי בית ישראל כי מלכי חסד הם נשימה נא שקים במתנינו וחבלים בראשנו ונצא אל מלך ישראל אולי יחיה את נפשך׃
32 അങ്ങനെ, അരയിൽ ചാക്കുശീലയുടുത്തും തലയിൽ കയറുചുറ്റിയും അവർ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്നു: “‘എന്റെ ജീവൻ രക്ഷിക്കണമേ,’ എന്ന് അവിടത്തെ ദാസൻ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ? അദ്ദേഹം എന്റെ സഹോദരൻതന്നെ,” എന്ന് ആഹാബ് രാജാവു മറുപടി നൽകി.
ויחגרו שקים במתניהם וחבלים בראשיהם ויבאו אל מלך ישראל ויאמרו עבדך בן הדד אמר תחי נא נפשי ויאמר העודנו חי אחי הוא׃
33 ആ ആളുകൾ ഇതൊരു ശുഭലക്ഷണമായി കരുതി; വേഗത്തിൽ അദ്ദേഹത്തിന്റെ വാക്കിന്റെ പൊരുൾ ഗ്രഹിച്ചു. “അതേ, അങ്ങയുടെ സഹോദരൻ ബെൻ-ഹദദ്!” എന്ന് അവരും മറുപടി പറഞ്ഞു. “പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരിക,” എന്ന് ആഹാബു കൽപ്പിച്ചു. ബെൻ-ഹദദ് എത്തിയപ്പോൾ രാജാവ് അദ്ദേഹത്തെ തന്റെ രഥത്തിൽ കയറ്റിയിരുത്തി.
והאנשים ינחשו וימהרו ויחלטו הממנו ויאמרו אחיך בן הדד ויאמר באו קחהו ויצא אליו בן הדד ויעלהו על המרכבה׃
34 ബെൻ-ഹദദ് വാഗ്ദാനംചെയ്തു: “എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരികെ നൽകാം. എന്റെ പിതാവു ശമര്യയിൽ ചെയ്തതുപോലെ അങ്ങ് ദമസ്കോസിൽ കമ്പോളങ്ങൾ സ്ഥാപിക്കുക.” ആഹാബു പറഞ്ഞു: “ഒരു സന്ധിയുടെ അടിസ്ഥാനത്തിൽ ഞാൻ താങ്കളെ വിട്ടയയ്ക്കാം.” അങ്ങനെ, ആഹാബ് അദ്ദേഹവുമായി ഒരു സന്ധിയുണ്ടാക്കി അദ്ദേഹത്തെ മോചിപ്പിച്ചു.
ויאמר אליו הערים אשר לקח אבי מאת אביך אשיב וחוצות תשים לך בדמשק כאשר שם אבי בשמרון ואני בברית אשלחך ויכרת לו ברית וישלחהו׃
35 യഹോവയുടെ അരുളപ്പാടിനാൽ പ്രവാചകശിഷ്യന്മാരിൽ ഒരുവൻ മറ്റൊരു പ്രവാചകനോടു പറഞ്ഞു: “നിന്റെ ആയുധംകൊണ്ട് എന്നെ അടിക്കുക” പക്ഷേ, അയാൾ വിസമ്മതിച്ചു.
ואיש אחד מבני הנביאים אמר אל רעהו בדבר יהוה הכיני נא וימאן האיש להכתו׃
36 അതുകൊണ്ട്, ആ പ്രവാചകൻ പറഞ്ഞു: “നീ യഹോവയുടെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ, എന്നെവിട്ടു യാത്രയാകുന്ന സമയം ഒരു സിംഹം നിന്നെ കൊല്ലും.” ആ മനുഷ്യൻ പുറപ്പെടുമ്പോൾ ഒരു സിംഹം അയാളെ ആക്രമിച്ചു കൊന്നുകളഞ്ഞു.
ויאמר לו יען אשר לא שמעת בקול יהוה הנך הולך מאתי והכך האריה וילך מאצלו וימצאהו האריה ויכהו׃
37 അതിനുശേഷം, ആ പ്രവാചകൻ മറ്റൊരാളെക്കണ്ടു: “എന്നെ അടിക്കണേ!” എന്നപേക്ഷിച്ചു. അയാൾ അദ്ദേഹത്തെ അടിച്ചുമുറിവേൽപ്പിച്ചു.
וימצא איש אחר ויאמר הכיני נא ויכהו האיש הכה ופצע׃
38 പിന്നെ, ആ പ്രവാചകൻ പോയി, തന്റെ തലപ്പാവ് കണ്ണിലേക്കിറക്കിക്കെട്ടി വേഷപ്രച്ഛന്നനായി വഴിയരികെ രാജാവിനെയുംകാത്തുനിന്നു.
וילך הנביא ויעמד למלך על הדרך ויתחפש באפר על עיניו׃
39 രാജാവ് കടന്നുപോയപ്പോൾ പ്രവാചകൻ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, അടിയൻ യുദ്ധഭൂമിയിലേക്കു ചെന്നു; ഒരുവൻ ഒരു അടിമയെയുംകൂട്ടി അടിയന്റെ അടുത്തുവന്നു പറഞ്ഞു: ‘ഈ മനുഷ്യനെ സൂക്ഷിക്കുക; ഇയാളെ കാണാതെവന്നാൽ നിന്റെ ജീവൻ ഇവന്റെ ജീവനുപകരം നൽകേണ്ടതായിവരും. അല്ലാത്തപക്ഷം, നീ ഒരു താലന്തു വെള്ളി നൽകണം.’
ויהי המלך עבר והוא צעק אל המלך ויאמר עבדך יצא בקרב המלחמה והנה איש סר ויבא אלי איש ויאמר שמר את האיש הזה אם הפקד יפקד והיתה נפשך תחת נפשו או ככר כסף תשקול׃
40 അടിയൻ മറ്റുകാര്യങ്ങൾക്കിടയിൽ ബദ്ധപ്പാടിലായിരിക്കുമ്പോൾ ആ മനുഷ്യൻ രക്ഷപ്പെട്ടു.” ഇസ്രായേൽരാജാവു പറഞ്ഞു: “നിന്റെ കാര്യത്തിലുള്ള വിധിയും അപ്രകാരമായിരിക്കും. നീ സ്വയം അതു പ്രഖ്യാപിച്ചിരിക്കുന്നു!”
ויהי עבדך עשה הנה והנה והוא איננו ויאמר אליו מלך ישראל כן משפטך אתה חרצת׃
41 ഉടൻതന്നെ, ആ പ്രവാചകൻ തന്റെ കണ്ണിൽ കെട്ടിയിരുന്ന തലപ്പാവുനീക്കി, അദ്ദേഹം പ്രവാചകന്മാരിലൊരാൾ എന്ന് ഇസ്രായേൽരാജാവു തിരിച്ചറിഞ്ഞു.
וימהר ויסר את האפר מעל עיניו ויכר אתו מלך ישראל כי מהנבאים הוא׃
42 പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മരണത്തിനായി നിശ്ചയിച്ചിരുന്ന ഒരുവനെ നീ വിട്ടയച്ചു; അതിനാൽ, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും ആയിരിക്കും.’”
ויאמר אליו כה אמר יהוה יען שלחת את איש חרמי מיד והיתה נפשך תחת נפשו ועמך תחת עמו׃
43 ഇതു കേട്ടമാത്രയിൽ ദുഃഖവും നീരസവും നിറഞ്ഞവനായി ഇസ്രായേൽരാജാവ് ശമര്യയിൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.
וילך מלך ישראל על ביתו סר וזעף ויבא שמרונה׃

< 1 രാജാക്കന്മാർ 20 >