< 2 രാജാക്കന്മാർ 17 >

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാമാണ്ടിൽ ഏലയുടെ മകനായ ഹോശേയ ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഒൻപതു വർഷം വാണു.
യെഹൂദാ രാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന് രാജാവായി; ശമര്യയിൽ ഒമ്പത് സംവത്സരം വാണു.
2 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; എന്നാൽ അത് അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന ഇസ്രായേൽരാജാക്കന്മാർ ചെയ്തതുപോലെ ആയിരുന്നില്ല.
അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; എന്നാൽ തനിക്ക് മുമ്പുള്ള യിസ്രായേൽ രാജാക്കന്മാരെപ്പോലെ അല്ലതാനും.
3 അശ്ശൂർരാജാവായ ശല്മനേസർ ഹോശേയയെ ആക്രമിക്കുന്നതിനായി പുറപ്പെട്ടുവന്നു. ഹോശേയ ശല്മനേസറിനു കീഴ്പ്പെട്ടിരുന്ന് അദ്ദേഹത്തിനു കപ്പം കൊടുത്തുവന്നിരുന്നു.
അവന്റെനേരെ അശ്ശൂർ രാജാവായ ശൽമനേസെർ യുദ്ധത്തിന് പുറപ്പെട്ടുവന്നു; ഹോശേയ അവന് കപ്പം കൊടുത്ത് ആശ്രിതനായിത്തീർന്നു.
4 എന്നാൽ ഹോശേയ ഈജിപ്റ്റിലെ രാജാവായ സോവിന്റെ അടുക്കൽ സന്ദേശവാഹകരെ അയയ്ക്കുകയും വർഷംതോറും അശ്ശൂർരാജാവിനു കൊടുത്തുകൊണ്ടിരുന്ന കപ്പം കൊടുക്കാതിരിക്കുകയും ചെയ്തതിനാൽ അദ്ദേഹം വഞ്ചകനെന്ന് അശ്ശൂർരാജാവ് കണ്ടെത്തി. അതിനാൽ ശല്മനേസർ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി.
എന്നാൽ ഹോശേയ ഈജിപ്റ്റ് രാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കുകയും അശ്ശൂർ രാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരിക്കുകയും ചെയ്തു. അശ്ശൂർ രാജാവ് അവനിൽ ദ്രോഹം കണ്ട് അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി.
5 അശ്ശൂർരാജാവ് ഇസ്രായേൽദേശത്തെ മുഴുവൻ ആക്രമിച്ച് ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. ആ ഉപരോധം മൂന്നുവർഷം നീണ്ടുനിന്നു.
പിന്നെ അശ്ശൂർ രാജാവ് യിസ്രയേൽ ദേശത്ത് പ്രവേശിച്ച് ശമര്യയിൽ വന്ന് അതിനെ മൂന്നു സംവത്സരം ഉപരോധിച്ചു.
6 ഹോശേയയുടെ ഭരണത്തിന്റെ ഒൻപതാംവർഷത്തിൽ അശ്ശൂർരാജാവ് ശമര്യയെ പിടിച്ചടക്കുകയും ഇസ്രായേല്യരെ തടവുകാരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹം അവരെ ഹലഹിലും ഗോസാൻ നദീതീരത്ത് ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർ രാജാവ് ശമര്യ പട്ടണം പിടിച്ചടക്കി യിസ്രായേൽ ജനത്തെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി; അവരെ ഹലഹിലും, ഗോസാൻ നദീതീരത്തിലെ ഹാബോരിലും, മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
7 ഈ സംഭവങ്ങൾക്കെല്ലാം കാരണം ഇതായിരുന്നു: തങ്ങളെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഇസ്രായേൽ പാപംചെയ്തു. അവർ അന്യദേവന്മാരെ ആരാധിക്കുകയും
യിസ്രായേൽ മക്കൾ അവരെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ കൈക്കീഴിൽനിന്ന് വിടുവിച്ച് അവിടെനിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്ത് അന്യദൈവങ്ങളെ ഭജിക്കുകയും
8 തങ്ങളുടെ മുൻപിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ നടപ്പാക്കിയ ആചാരങ്ങളും പിൻതുടർന്നു.
യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞിരുന്ന ചട്ടങ്ങളും അവ നടപ്പാക്കിയ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടങ്ങളും അനുസരിച്ചുനടക്കുകയും ചെയ്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചു.
9 തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ തെറ്റായ കാര്യങ്ങൾ ഇസ്രായേല്യർ രഹസ്യമായി ചെയ്തു; അവരുടെ പട്ടണങ്ങളിലെല്ലാം—കാവൽഗോപുരംമുതൽ കെട്ടുറപ്പുള്ള നഗരങ്ങൾവരെ—അവർ തങ്ങൾക്കായി ക്ഷേത്രങ്ങൾ ഉണ്ടാക്കി.
യിസ്രായേൽ മക്കൾ തങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി കൊള്ളരുതാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്ത് കാവൽ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ അവരുടെ എല്ലാ പട്ടണങ്ങളിലും പൂജാഗിരികൾ പണിതു.
10 ഓരോ ഉയർന്ന കുന്നിൻമുകളിലും ഇലതൂർന്ന മരത്തിൻകീഴിലും അവർ ആചാരസ്തൂപങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
൧൦അവർ എല്ലാ ഉയർന്ന കുന്നുകളിലും പച്ചവൃക്ഷങ്ങളുടെ കീഴിലും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11 അവരുടെമുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ രാഷ്ട്രങ്ങൾ ചെയ്തിരുന്നതുപോലെ അവർ ഓരോ ക്ഷേത്രത്തിലും ധൂപാർച്ചന നടത്തി. അവർ ദുഷ്ടത പ്രവർത്തിച്ച് യഹോവയുടെ കോപം ജ്വലിപ്പിച്ചു.
൧൧യഹോവ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം ദോഷമായ കാര്യങ്ങൾ പ്രവർത്തിച്ചു.
12 “നിങ്ങൾ അതു ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ വിഗ്രഹങ്ങളെ ആരാധിച്ചു.
൧൨“ഈ കാര്യം ചെയ്യരുത്” എന്ന് യഹോവ വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ സേവിച്ചു.
13 “നിങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുക; എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ നിങ്ങൾക്കു നൽകിയതും അനുസരിക്കുന്നതിനായി നിങ്ങളുടെ പിതാക്കന്മാരോടു കൽപ്പിച്ചതുമായ എന്റെ സകലനിയമങ്ങളും അനുസരിച്ച് എന്റെ കൽപ്പനകളും വിധികളും പ്രമാണിക്കുക!” എന്ന് യഹോവ തന്റെ സകലപ്രവാചകന്മാരും ദർശകന്മാരും മുഖേന ഇസ്രായേലിനും യെഹൂദയ്ക്കും മുന്നറിയിപ്പു നൽകി.
൧൩എന്നാൽ യഹോവ പ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: “നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ട് ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം നിങ്ങൾക്ക് നൽകിയതുമായ ന്യായപ്രമാണപ്രകാരം എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ച് നടപ്പിൻ” എന്ന് സാക്ഷിച്ചു.
14 എന്നാൽ അവർ ചെവിക്കൊണ്ടില്ല. തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ അവരും ദുശ്ശാഠ്യക്കാരായിരുന്നു.
൧൪എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
15 യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു.
൧൫അവന്റെ ചട്ടങ്ങളും അവരുടെ പിതാക്കന്മാരോട് അവൻ ചെയ്ത നിയമവും അവൻ അവരോട് സാക്ഷിച്ച സാക്ഷ്യങ്ങളും നിരസിച്ചുകളഞ്ഞു; അവർ വ്യാജം പിന്തുടർന്ന് വ്യർത്ഥരായിത്തീർന്നു; ‘അവരെപ്പോലെ പ്രർത്തിക്കരുത്’ എന്ന് യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജനതകളെ തന്നേ അവർ അനുകരിച്ചു.
16 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു.
൧൬അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ ഉപേക്ഷിച്ചുകളഞ്ഞ് തങ്ങൾക്ക് രണ്ട് കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിക്കുകയും അശേരാപ്രതിഷ്ഠ ഉണ്ടാക്കുകയും ചെയ്തു; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിക്കയും ബാലിനെ സേവിക്കുകയും ചെയ്തുപോന്നു.
17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു.
൧൭അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു; പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കയും, അവന് അനിഷ്ടമായത് ചെയ്‌വാൻ തങ്ങളെത്തന്നെ വിറ്റുകളയുകയും ചെയ്തു.
18 അതുകൊണ്ട് യഹോവ ഇസ്രായേലിനോടു കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രംമാത്രം അവശേഷിച്ചു.
൧൮അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും അധികം കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പ്രമാണിച്ചില്ല. ഇസ്രായേൽ നടപ്പാക്കിയ ആചാരങ്ങൾ അവർ പിൻതുടർന്നു.
൧൯യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങൾ അനുസരിച്ചുനടന്നു.
20 അതിനാൽ യഹോവ ഇസ്രായേൽവംശത്തെ മുഴുവൻ തള്ളിക്കളഞ്ഞു. അവിടന്ന് അവരെ തള്ളിക്കളയുന്നതുവരെയും അവരെ കൊള്ളചെയ്യുന്നവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
൨൦ആകയാൽ യഹോവ യിസ്രായേലിന്റെ പിന്തലമുറയെ മുഴുവനും തള്ളിക്കളഞ്ഞ് അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു; ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
21 യഹോവ ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് വേർപെടുത്തിയപ്പോൾ അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ തങ്ങളുടെ രാജാവാക്കി. യൊരോബെയാം ഇസ്രായേലിനെ വശീകരിച്ച് യഹോവയെ അനുഗമിക്കുന്നതിൽനിന്ന് അവരെ അകറ്റിക്കളയുകയും അവരെക്കൊണ്ട് ഒരു മഹാപാപം ചെയ്യിക്കുകയും ചെയ്തു.
൨൧യഹോവ യിസ്രായേലിനെ ദാവീദ് ഗൃഹത്തിൽ നിന്ന് പറിച്ചുകളഞ്ഞു; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയിൽനിന്ന് അകലുമാറാക്കി അവരെക്കൊണ്ട് ഒരു വലിയ പാപം ചെയ്യിച്ചു.
22 യൊരോബെയാമിന്റെ സകലപാപങ്ങളിൽനിന്നും വിട്ടുമാറാതെ ഇസ്രായേൽമക്കൾ അവയിൽത്തന്നെ ഉറച്ചുനിന്നു.
൨൨അങ്ങനെ യിസ്രായേൽ മക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
23 അതുകൊണ്ട് യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന അവർക്കു മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ, ഒടുവിൽ യഹോവ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു. അതിനാൽ ഇസ്രായേൽജനം അവരുടെ ജന്മദേശത്തുനിന്ന് അശ്ശൂരിലേക്കു പ്രവാസികളായി മടങ്ങേണ്ടിവന്നു. ഇന്നും ആവിധംതന്നെ അവർ കഴിയുന്നു.
൨൩അവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്ത പ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വന്ത ദേശംവിട്ട് അശ്ശൂരിലേക്ക് പോകേണ്ടിവന്നു; അവർ ഇന്നുവരെ അവിടെ ഇരിക്കുന്നു.
24 അശ്ശൂർരാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവയീം എന്നിവിടങ്ങളിൽനിന്നും ജനങ്ങളെ കൊണ്ടുവന്ന് ഇസ്രായേൽമക്കൾക്കു പകരം ശമര്യയിലെ പട്ടണങ്ങളിൽ പാർപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ പട്ടണങ്ങളിൽ താമസിച്ചു.
൨൪അശ്ശൂർ രാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്ന് ജനത്തെ കൊണ്ടുവന്ന് യിസ്രായേൽ മക്കൾക്ക് പകരം ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമര്യ കൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാർത്തു.
25 അവർ അവിടെ അധിവസിച്ചിരുന്നപ്പോൾ യഹോവയെ ആരാധിച്ചിരുന്നില്ല; അതിനാൽ യഹോവ അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു. അവ ജനങ്ങളിൽ ചിലരെ കൊന്നുകളഞ്ഞു.
൨൫അവർ അവിടെ പാർപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ട് യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു.
26 അവർ ഈ വിവരം അശ്ശൂർരാജാവിന് അറിവുകൊടുത്തു: “അങ്ങ് നാടുകടത്തി ശമര്യാപട്ടണങ്ങളിൽ കൊണ്ടുവന്നു പാർപ്പിച്ചിരിക്കുന്ന ജനങ്ങൾക്ക് ആ നാട്ടിലെ ദൈവത്തിന്റെ ആചാരവിധികൾ അറിഞ്ഞുകൂടാ. അതിനാൽ ആ ദൈവം അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു; അവ അവരെ കൊല്ലുന്നു.”
൨൬അപ്പോൾ അവർ അശ്ശൂർ രാജാവിനെ അറിയിച്ചത്: “നീ അശ്ശൂരിൽനിന്ന് കൊണ്ടുവന്ന് ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ച ജനതകൾ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കകൊണ്ട് അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കയാൽ സിംഹങ്ങൾ അവരെ കൊന്നുകളയുന്നു”.
27 അപ്പോൾ അശ്ശൂർരാജാവ് ഈ കൽപ്പന പുറപ്പെടുവിച്ചു: “നിങ്ങൾ ശമര്യയിൽനിന്ന് തടവുകാരായി പിടിച്ചിട്ടുള്ള പുരോഹിതന്മാരിൽ ഒരാൾ അവിടെ പാർക്കുന്നതിനായി തിരിച്ചുപോകട്ടെ! ആ നാട്ടിലെ ദൈവത്തിന്റെ മാർഗം അയാൾ ജനങ്ങളെ പഠിപ്പിക്കട്ടെ!”
൨൭അതിന് അശ്ശൂർ രാജാവ്: “നിങ്ങൾ അവിടെനിന്ന് കൊണ്ടുവന്ന യിസ്രായേൽപുരോഹിതന്മാരിൽ ഒരാളെ അവിടേക്ക് കൊണ്ടുപോകുവിൻ; അവൻ ചെന്ന് അവിടെ പാർക്കയും ആ ദേശത്തെ ദൈവത്തിന്റെ മാർഗ്ഗം അവരെ ഉപദേശിക്കുകയും ചെയ്യട്ടെ” എന്ന് കല്പിച്ചു.
28 അങ്ങനെ ശമര്യയിൽനിന്ന് പ്രവാസത്തിലേക്കുപോയ പുരോഹിതന്മാരിൽ ഒരാൾ ബേഥേലിൽ പാർക്കുന്നതിനായി തിരിച്ചുവന്നു. യഹോവയെ ആരാധിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹം അവരെ പഠിപ്പിച്ചു.
൨൮അങ്ങനെ അവർ ശമര്യയിൽനിന്ന് കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരാൾ വന്ന് ബേഥേലിൽ പാർത്തു; യഹോവയെ ഭജിക്കേണ്ട വിധം അവർക്ക് ഉപദേശിച്ചുകൊടുത്തു.
29 എന്നിരുന്നാലും ഓരോ ദേശത്തുനിന്നുമുള്ള ഓരോ ജനവിഭാഗവും അവരവരുടെ ദേവന്മാരെ ഉണ്ടാക്കി ശമര്യയിൽ അവർ താമസമുറപ്പിച്ച വിവിധ പട്ടണങ്ങളിലെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.
൨൯എങ്കിലും ഓരോ ജനതയും തങ്ങളുടെ ദേവന്മാരെ ഉണ്ടാക്കി, അവർ പാർത്തുവന്ന പട്ടണങ്ങളിൽ ശമര്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.
30 ബാബേലുകാർ സൂക്കോത്ത്-ബെനോത്തിനെ പ്രതിഷ്ഠിച്ചു. കൂഥക്കാർ നേർഗാലിനെ പ്രതിഷ്ഠിച്ചു. ഹമാത്തുകാർ അശീമയെ പ്രതിഷ്ഠിച്ചു.
൩൦ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി;
31 അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും പ്രതിഷ്ഠിച്ചു. സെഫർവക്കാർ സെഫർവയീം ദേവന്മാരായ അദ്രമെലെക്കിനും അനമെലെക്കിനും തങ്ങളുടെ മക്കളെ അഗ്നിയിൽ ബലിയർപ്പിച്ചു.
൩൧അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
32 അവർ യഹോവയെ ആരാധിച്ചെങ്കിലും മലകളിലെ ക്ഷേത്രങ്ങളിൽ തങ്ങൾക്കുവേണ്ടി പുരോഹിതന്മാരായി സേവനം ചെയ്യുന്നതിന് തങ്ങളുടെ കൂട്ടത്തിൽനിന്ന് എല്ലാത്തരക്കാരെയും പുരോഹിതന്മാരായി നിയമിച്ചു.
൩൨അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്ന് തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്ക് വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗംകഴിക്കയും ചെയ്തുവന്നു.
33 അങ്ങനെ അവർ യഹോവയെ ആരാധിക്കയും തങ്ങൾ പുറപ്പെട്ടുപോന്ന നാട്ടിലെ ആചാരങ്ങളനുസരിച്ച് അവരുടെ സ്വന്തം ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
൩൩അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ പുറപ്പെട്ടുപോന്ന ദേശത്തിലെ ജനതകളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
34 ഇന്നുവരെയും അവർ അവരുടെ പഴയ ആചാരങ്ങളെ മുറുകെപ്പിടിച്ചു നിൽക്കുന്നു. യഹോവ ഇസ്രായേൽ എന്നു നാമം നൽകിയ യാക്കോബിന്റെ സന്തതികൾക്കായി കൊടുത്തിരിക്കുന്ന ഉത്തരവുകളിലോ അനുശാസനങ്ങളിലോ നിയമങ്ങളിലോ കൽപ്പനകളിലോ ഇന്നും അവർ ഉറച്ചുനിൽക്കുകയോ യഹോവയെ ആരാധിക്കുകയോ ചെയ്യുന്നില്ല.
൩൪ഇന്നുവരെ അവർ മുമ്പിലത്തെ മര്യാദപ്രകാരം ചെയ്യുന്നു; യഹോവയെ ഭയപ്പെടുന്നില്ല; തങ്ങൾക്ക് ലഭിച്ച ചട്ടങ്ങളും വിധികളും, യഹോവ യിസ്രായേൽ എന്ന് പേർവിളിച്ച യാക്കോബിന്റെ മക്കളോട് കല്പിച്ച ന്യായപ്രമാണവും കല്പനകളും അനുസരിച്ച് നടക്കുന്നതുമില്ല.
35 യഹോവ ഇസ്രായേലുമായി ഒരു ഉടമ്പടി ചെയ്തനാളിൽ ഇപ്രകാരം കൽപ്പിച്ചിരുന്നു. “നിങ്ങൾ അന്യദേവന്മാരെ ആരാധിക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ അവർക്കു ബലികഴിക്കുകയോ ചെയ്യരുത്.
൩൫യഹോവ അവരോട് ഒരു നിയമം ചെയ്ത് കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവക്ക് യാഗം കഴിക്കുകയും ചെയ്യാതെ
36 പിന്നെയോ, തന്റെ വിസ്മയകരമായ ശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്നവനായ യഹോവയെമാത്രമാണ് നിങ്ങൾ ആരാധിക്കേണ്ടത്; തിരുമുമ്പിൽ നിങ്ങൾ നമസ്കരിക്കണം; അവിടത്തേക്ക് നിങ്ങൾ യാഗങ്ങൾ അർപ്പിക്കണം.
൩൬നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മാത്രം ഭജിച്ച് നമസ്കരിച്ച് അവന് മാത്രം യാഗം കഴിക്കുകയും വേണം.
37 ആ യഹോവ നിങ്ങൾക്കുവേണ്ടി എഴുതിയിട്ടുള്ള ഉത്തരവുകളും അനുശാസനങ്ങളും നിയമങ്ങളും കൽപ്പനകളും പാലിക്കുന്നതിൽ നിങ്ങൾ ജാഗരൂകരായിരിക്കണം; അന്യദേവന്മാരെ ആരാധിക്കരുത്;
൩൭അവൻ നിങ്ങൾക്ക് എഴുതിത്തന്ന ചട്ടങ്ങളും ന്യായങ്ങളും ന്യായപ്രമാണവും കല്പനകളും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുത്.
38 ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമം മറക്കരുത്; അന്യദേവന്മാരെ ആരാധിക്കരുത്.
൩൮ഞാൻ നിങ്ങളോട് ചെയ്ത നിയമം നിങ്ങൾ മറക്കരുത്; അന്യദൈവങ്ങളെ ഭജിക്കയുമരുത്.
39 അതേ, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക; അവിടന്നാണ് നിങ്ങളുടെ സകലശത്രുക്കളുടെയും കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുന്നത്.”
൩൯നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ സകലശത്രുക്കളുടെയും കയ്യിൽനിന്ന് വിടുവിക്കും”.
40 എങ്കിലും അവർ അതു കേൾക്കാതെ തങ്ങളുടെ പഴയ രീതികൾ അനുസരിച്ചു ജീവിച്ചു.
൪൦എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ച് നടന്നു.
41 ഈ ജനം യഹോവയെ ആരാധിച്ചപ്പോൾത്തന്നെ തങ്ങളുടെ വിഗ്രഹങ്ങളെയും സേവിച്ചിരുന്നു. അവരുടെ മക്കളും മക്കളുടെ മക്കളും ഇന്നുവരെയും തങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ ചെയ്തുവരുന്നു.
൪൧അങ്ങനെ ഈ ജനതകൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

< 2 രാജാക്കന്മാർ 17 >