< ഇയ്യോബ് 34 >

1 എലീഹൂ പിന്നെയും ഇപ്രകാരം സംസാരിച്ചു:
എലീഹൂ പിന്നെയും പറഞ്ഞത്:
2 “ജ്ഞാനികളായ പുരുഷന്മാരേ, എന്റെ വാക്കു കേൾക്കുക; വിദ്യാസമ്പന്നരേ, എനിക്കു ചെവിതരിക.
“ജ്ഞാനികളേ, എന്റെ വചനം കേൾക്കുവിൻ; വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.
3 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ ചെവി വാക്കുകളെ പരിശോധിക്കുന്നു.
നാവ് ആഹാരത്തിന്റെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധനചെയ്യുന്നു;
4 ശരിയായത് എന്തെന്നു നമുക്കുതന്നെ വിവേചിച്ചറിയാം; നന്മയെന്തെന്നു നമുക്ക് ഒരുമിച്ചു പഠിക്കാം.
ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം; നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം.
5 “ഇയ്യോബ് അവകാശപ്പെടുന്നത്: ‘ഞാൻ നീതിമാൻ, എന്നാൽ ദൈവം എനിക്കു നീതി നിഷേധിക്കുന്നു.
‘ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്ക് പറയണമോ?
6 ന്യായം എന്റെ ഭാഗത്തായിരുന്നിട്ടും എന്നെ ഒരു നുണയനായി കണക്കാക്കുന്നു; ഞാൻ ഒരു കുറ്റവാളി അല്ലാതിരുന്നിട്ടും അവിടത്തെ അസ്ത്രങ്ങൾ എന്നിൽ ഭേദമാകാത്ത മുറിവുകൾ സൃഷ്ടിച്ചിരിക്കുന്നു.’
ലംഘനം ഇല്ലാതിരുന്നിട്ടും എന്റെ മുറിവ് സുഖമാകുന്നില്ല’ എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.
7 ഇയ്യോബിനെപ്പോലെ ആരെങ്കിലും ഉണ്ടാകുമോ? അദ്ദേഹം പരിഹാസത്തെ വെള്ളംപോലെ പാനംചെയ്യുന്നു.
ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;
8 അദ്ദേഹം അനീതി പ്രവർത്തിക്കുന്നവരോടു ചങ്ങാത്തംകൂടുന്നു; ദുഷ്ടരോടൊപ്പം അദ്ദേഹം നടക്കുന്നു.
അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു; ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു.
9 കാരണം ‘ദൈവത്തെ പ്രസാദിപ്പിക്കുന്നതുകൊണ്ട് മനുഷ്യർക്ക് യാതൊരു പ്രയോജനവുമില്ല’ എന്ന് അദ്ദേഹം പറഞ്ഞില്ലേ?
‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട് മനുഷ്യന് പ്രയോജനമില്ലെന്ന്’ അവൻ പറഞ്ഞു.
10 “അതിനാൽ വിവേകികളേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ഒരുനാളും ദുഷ്ടത പ്രവർത്തിക്കുന്നില്ല; സർവശക്തൻ ഒരിക്കലും ദോഷം ചെയ്യുകയുമില്ല.
൧൦അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല.
11 അവിടന്നു മനുഷ്യർക്ക് അവരുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നൽകുന്നു; തങ്ങളുടെ പെരുമാറ്റത്തിന് അർഹമായത് അവർ നേടുന്നു.
൧൧അവൻ മനുഷ്യന് അവന്റെ പ്രവൃത്തിയ്ക്ക് പകരം ചെയ്യും; ഓരോരുത്തനും അവനവന്റെ നടപ്പിന് തക്കവണ്ണം കൊടുക്കും.
12 തീർച്ചയായും ദൈവം തിന്മ പ്രവർത്തിക്കുകയില്ല, സർവശക്തൻ നീതി മറിച്ചുകളയുകയുമില്ല.
൧൨ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല.
13 ഭൂമിയുടെ അധിപനായി അവിടത്തെ നിയമിച്ചത് ആരാണ്? സർവ പ്രപഞ്ചത്തിന്റെയും നിയന്ത്രണം ആരാണ് അവിടത്തേക്ക് ഏൽപ്പിച്ചുകൊടുത്തത്?
൧൩ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്?
14 അവിടത്തെ ഹിതപ്രകാരം തന്റെ ആത്മാവിനെയും ശ്വാസത്തെയും അവിടന്നു പിൻവലിച്ചാൽ,
൧൪അവിടുന്ന് തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ
15 മനുഷ്യകുലമെല്ലാം ഒന്നടങ്കം നശിച്ചുപോകും, മനുഷ്യൻ പൊടിയിലേക്കുതന്നെ തിരികെച്ചേരും.
൧൫സകലജഡവും ഒരുപോലെ നശിച്ചുപോകും; മനുഷ്യൻ മണ്ണിലേക്ക് മടങ്ങിച്ചേരും.
16 “നിങ്ങൾക്കു വിവേകമുണ്ടെങ്കിൽ ഇതു കേൾക്കുക; ഞാൻ പറയുന്നത് ശ്രദ്ധിക്കുക.
൧൬നിനക്ക് വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക;
17 ന്യായത്തെ വെറുക്കുന്നവർക്കു ഭരണം നടത്താൻ കഴിയുമോ? നീതിനിഷ്ഠനും സർവശക്തനുമായ ദൈവത്തെ നിങ്ങൾക്കു കുറ്റം വിധിക്കാമോ?
൧൭ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
18 രാജാവിനോട്, ‘നീ അയോഗ്യനെന്നും’ പ്രഭുക്കളോട് ‘നിങ്ങൾ ദുഷ്ടരെന്നും,’ പറയുന്നത് അവിടന്നല്ലേ?
൧൮രാജാവിനോട്: ‘നീ വഷളൻ എന്നും’ പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ?
19 അവിടന്നു പ്രഭുക്കന്മാരോടു പക്ഷപാതം കാട്ടുകയില്ല; ദരിദ്രരെക്കാൾ ധനവാന്മാരെ അധികം ആദരിക്കുകയില്ല. അവരെല്ലാം അവിടത്തെ കരവിരുതല്ലോ?
൧൯അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ.
20 ഒരു നിമിഷത്തിനുള്ളിൽ അവർ മരിക്കുന്നു; അർധരാത്രിയിൽത്തന്നെ ഒരു നടുക്കത്തിൽ ആളുകൾ ഞെട്ടിവിറച്ച് കടന്നുപോകുന്നു. ആരുടെയും കൈ ചലിപ്പിക്കാതെതന്നെ പ്രബലർ നീക്കപ്പെടുന്നു.
൨൦പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു; ജനം നടുങ്ങി ഒഴിഞ്ഞുപോകുന്നു; മനുഷ്യന്റെ കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
21 “അവിടത്തെ കണ്ണ് മനുഷ്യരുടെ വഴികൾ നിരീക്ഷിക്കുന്നു; അവരുടെ ഓരോ കാൽവെയ്പും അവിടന്നു കാണുന്നു.
൨൧ദൈവത്തിന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിൽ ഇരിക്കുന്നു; അവന്റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു.
22 അധർമികൾക്ക് ഒളിച്ചുപാർക്കാൻ കഴിയുന്ന ഇരുളോ അന്ധതമസ്സോ ഉണ്ടാകുകയില്ല.
൨൨ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
23 ന്യായവിസ്താരത്തിന് ദൈവസന്നിധിയിൽ ആരൊക്കെ വരണം എന്നു തീരുമാനിക്കുന്നതിന്, ആരെക്കുറിച്ചും പ്രത്യേകമായി അന്വേഷണം നടത്തേണ്ട ആവശ്യം ദൈവത്തിനില്ല.
൨൩മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന് അവിടുന്ന് അവനിൽ അധികം ദൃഷ്ടിവക്കുവാൻ ആവശ്യമില്ല.
24 യാതൊരു അന്വേഷണവും കൂടാതെതന്നെ അവിടന്നു ശക്തരെ ചിതറിക്കുന്നു, അവരുടെ സ്ഥാനത്തു മറ്റുചിലരെ നിയമിക്കുകയും ചെയ്യുന്നു.
൨൪വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു; അവർക്ക് പകരം വേറെ ആളുകളെ നിയമിക്കുന്നു.
25 അവരുടെ പ്രവൃത്തികൾ അവിടന്ന് ശ്രദ്ധിക്കുന്നു, രാത്രിയിൽത്തന്നെ അവിടന്ന് അവരെ തകിടംമറിക്കുന്നു, അവർ തകർന്നുപോകുന്നു.
൨൫അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ തള്ളിയിട്ടിട്ട് അവർ തകർന്നുപോകുന്നു.
26 അവരുടെ ദുഷ്ടതനിമിത്തം എല്ലാവരും കാണുന്ന ഇടത്തുവെച്ചുതന്നെ അവിടന്ന് അവരെ ശിക്ഷിക്കുന്നു.
൨൬മറ്റുള്ളവർ കാൺകെ അവിടുന്ന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
27 കാരണം അവർ അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കുകയാലും അവിടത്തെ വഴികളോട് യാതൊരു ആദരവും കാണിക്കാതിരിക്കുകയാലുംതന്നെ.
൨൭എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവിടുന്ന് കേൾക്കുവാനും വേണ്ടി
28 ദരിദ്രരുടെ നിലവിളി അവിടത്തെ പക്കലെത്താൻ അവർ ഇടവരുത്തി; അതുകൊണ്ട് നിരാലംബരുടെ കരച്ചിൽ അവിടത്തെ ചെവിയിൽ എത്തുകയും ചെയ്തു.
൨൮അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും ദൈവത്തിന്റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ.
29 എന്നാൽ അവിടന്നു മൗനമായിരിക്കുമ്പോൾ ആർ അവിടത്തെ കുറ്റംവിധിക്കും? അവിടന്നു മുഖം മറച്ചുകളയുമ്പോൾ ആർക്ക് അവിടത്തെ കാണാൻ കഴിയും? വ്യക്തികളുടെമേലും രാഷ്ട്രത്തിന്റെമേലും അവിടന്ന് ഒരുപോലെതന്നെ.
൨൯വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും
30 അഭക്തരായ മനുഷ്യർ ഭരണം പിടിച്ചടക്കാതിരിക്കുന്നതിനും അവർ ആളുകൾക്കു കെണിവെക്കാതിരിക്കേണ്ടതിനുംതന്നെ.
൩൦അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര് കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാൾക്കായാലും അവിടുത്തെ മുഖം മറച്ചുകളഞ്ഞാൽ ആര് അവിടുത്തെ കാണും?
31 “ഒരു വ്യക്തി ഇപ്രകാരം ദൈവത്തോടു ബോധിപ്പിക്കുന്നു എന്നു കരുതുക, ‘ഞാൻ കുറ്റവാളിയാണ്; എന്നാൽ ഇനിയൊരു അപരാധവും ഞാൻ ചെയ്യുകയില്ല.
൩൧ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല;
32 എനിക്ക് അദൃശ്യമായത് എന്നെ അഭ്യസിപ്പിക്കണമേ; ഞാൻ അകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഇനിയൊരിക്കലും അപ്രകാരം ചെയ്യുകയില്ല.’
൩൨ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യുകയില്ല എന്ന് ആരെങ്കിലും ദൈവത്തോട് പറഞ്ഞിട്ടുണ്ടോ?
33 പശ്ചാത്തപിക്കാൻ താങ്കൾ വിസമ്മതിക്കുമ്പോൾ ദൈവം താങ്കളുടെ വ്യവസ്ഥകൾക്കനുസരിച്ചു പ്രത്യുപകാരം ചെയ്യണമോ? ഞാനല്ല, താങ്കൾതന്നെയാണ് അതു തീരുമാനിക്കേണ്ടത്. അതിനാൽ താങ്കൾക്ക് അറിയാവുന്നതു ഞങ്ങളോടു പറയുക.
൩൩നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്റെ ഇഷ്ടംപോലെ പകരം ചെയ്യണമോ? ഞാനല്ല, നീ തന്നെ തിരഞ്ഞെടുക്കേണ്ടതല്ലയോ; ആകയാൽ നീ അറിയുന്നത് പ്രസ്താവിച്ചുകൊള്ളുക.
34 “ജ്ഞാനികൾ ഇപ്രകാരം പറയും എന്റെ വാക്കു കേൾക്കുന്ന വിവേകികൾ എന്നോടു പറയും,
൩൪ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്ന് വിവേകമുള്ള പുരുഷന്മാരും
35 ‘ഇയ്യോബ് പരിജ്ഞാനമില്ലാതെ സംസാരിക്കുന്നു; അദ്ദേഹത്തിന്റെ വാക്കുകളിൽ ഉൾക്കാഴ്ചയില്ല.’
൩൫എന്റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോട് പറയും.
36 ഇയ്യോബ് ഒരു ദുഷ്ടനെപ്പോലെ ഉത്തരം പറയുകയാൽ അദ്ദേഹത്തെ പരമാവധി പരിശോധിച്ചിരുന്നെങ്കിൽ.
൩൬ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട് അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.
37 അയാൾ പാപത്തിനുപുറമേ മത്സരവും കൂട്ടിച്ചേർക്കുന്നു; അയാൾ നമ്മുടെ മധ്യേ പരിഹാസരൂപേണ കൈകൊട്ടുകയും ദൈവത്തിനെതിരേ വാക്കുകൾ പെരുപ്പിക്കുകയും ചെയ്യുന്നു.”
൩൭അവൻ തന്റെ പാപത്തോട് ദ്രോഹം ചേർക്കുന്നു; അവൻ നമ്മുടെ മദ്ധ്യത്തിൽ കൈ കൊട്ടുന്നു; ദൈവത്തിന് വിരോധമായി വാക്ക് വർദ്ധിപ്പിക്കുന്നു”.

< ഇയ്യോബ് 34 >